This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാരന്‍ഡെന്‍ ഭരണഘടന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലാരന്‍ഡെന്‍ ഭരണഘടന

Clarentine Constitution

രാഷ്ട്രവും ക്രൈസ്തവസഭയും തമ്മിലുണ്ടായിരിക്കേണ്ട ബന്ധം നിര്‍വചിക്കാന്‍ ഇംഗ്ലണ്ടിലെ പ്രധാന പ്രഭുക്കന്മാരും ബിഷപ്പുമാരും ഒരുമിച്ചു ക്ലാരന്‍ഡെന്‍ പാര്‍ക്കില്‍വച്ച് യോഗംകൂടി എടുത്ത (1164 ജനു.) ഭരണഘടനാ തീരുമാനങ്ങള്‍. വില്യമിന്റെ നേതൃത്വത്തില്‍ നോര്‍മന്‍കാര്‍ ഇംഗ്ലണ്ട് ആക്രമിച്ചു (1066) കീഴടക്കിയതിനുശേഷം രാഷ്ട്രവും സഭയും തമ്മില്‍ വിഘടിച്ചുനിന്നിരുന്ന വിഷയങ്ങളില്‍ ആദ്യമായി ഉണ്ടായ അഭിപ്രായൈക്യം ആണ് ഈ നിയമനിര്‍മാണം സൂചിപ്പിക്കുന്നത്. വില്യം ദ കോണ്‍ക്വററുടെ കാലംതൊട്ടേ സഭയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ സഭാകോടതികള്‍തന്നെ വിചാരണ ചെയ്യണമെന്ന തത്ത്വം അംഗീകരിക്കപ്പെട്ടിരുന്നു. സഭ സ്വന്തം നിയമസംഹിത വിപുലീകരിച്ചപ്പോള്‍ തങ്ങളുടെ അധികാരാതിര്‍ത്തി വിപുലമാക്കാനും ശ്രമിച്ചു. ഈ ശ്രമമാണ് ഹെന്റി II-ന്റെ കാലത്ത് രാജാവും സഭയും തമ്മില്‍ രൂക്ഷമായ അഭിപ്രായഭിന്നതയ്ക്കിടയാക്കിയത്. വൈദികന്‍ നാട്ടിലെ നിയമത്തിനെതിരായി കുറ്റം ചെയ്താല്‍ ഗവണ്‍മെന്റ് അയാള്‍ക്ക് രാജ്യത്തെ ശിക്ഷ നല്കണമോ, അതോ സഭയുടെ ശിക്ഷാവിധികളായ വ്രതം, പ്രായശ്ചിത്തം, പദവി കുറയ്ക്കല്‍ എന്നീ ശിക്ഷാനടപടികള്‍ അയാള്‍ക്കു നല്കാന്‍ സഭയെത്തന്നെ അനുവദിക്കണമോ എന്നതായിരുന്നു കാതലായ പ്രശ്നം. ഹെന്റി II രാജകീയാധികാരങ്ങളും ക്രമസമാധാനവും സുരക്ഷിതമാക്കാന്‍വേണ്ടി ഹെന്റി I-ന്റെ കാലത്ത് രാഷ്ട്രവും സഭയും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഒരു വിവരണം ഈ യോഗത്തിന്റെ അറിവിലേക്കായി തയ്യാറാക്കിയിരുന്നു.

ക്ലാരന്‍ഡെന്‍ ഭരണഘടന 16 ഉപവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെങ്കിലും പൊതുവായി സ്വീകരിക്കപ്പെട്ടിരുന്നത് ആറ് ഉപവിഭാഗങ്ങള്‍ മാത്രമാണ്. ഭരണഘടനയുടെ ആറ് പ്രധാന ഉപവിഭാഗങ്ങള്‍: (1) ഒരു വൈദികന്‍ കുറ്റം ചെയ്തുവെന്ന് ആക്ഷേപം വന്നാല്‍, അയാളെ പള്ളിക്കോടതി വിചാരണ ചെയ്യുകയും കുറ്റക്കാരനെന്നു കണ്ടാല്‍ അയാളുടെ സഭാവസ്ത്രങ്ങള്‍ അഴിച്ചുവാങ്ങി ശരിയായ ശിക്ഷയ്ക്കായി അയാളെ ഗവണ്‍മെന്റിനെ ഏല്പിക്കുകയും വേണം; (2) സഭാകോടതികള്‍ രാജാവിന്റെ അനുവാദം കൂടാതെ പോപ്പിന് അപ്പീല്‍ സമര്‍പ്പിക്കാന്‍ പാടില്ല; (3) രാജാവിന്റെ കീഴിലുള്ള പ്രഭുക്കന്മാരുടെമേല്‍ രാജാവിന്റെ അനുവാദംകൂടാതെ 'പള്ളിവിലക്ക്' കല്പിക്കുവാന്‍ പാടില്ല; (4) സഭാസംബന്ധമായ അവകാശത്തര്‍ക്കങ്ങള്‍ രാജാവിന്റെ കോടതിമൂലമായിരിക്കണം തീര്‍പ്പു കല്പിക്കേണ്ടത്; (5) സഭാപ്രഭുക്കന്മാരും ഫ്യൂഡല്‍ നികുതികള്‍ അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. ഈ വ്യവസ്ഥകള്‍ 1164 ജനു. 30-ന് പൊതുവായി ചര്‍ച്ചചെയ്ത് അംഗീകരിക്കപ്പെട്ടു.

പ്രസ്തുത ഭരണഘടന ചര്‍ച്ചചെയ്യുന്ന സമയത്തും പാസാക്കിയപ്പോഴും, കാന്റര്‍ബറിയിലെ ആര്‍ച്ചുബിഷപ്പായ തോമസ് ബെക്കറ്റ് അതിനെ അനുകൂലിച്ചിരുന്നു. എന്നാല്‍ വളരെവേഗം ബെക്കറ്റ് ഈ ഭരണഘടനയെ തള്ളിപ്പറഞ്ഞു. കുറ്റവാളിയായ വൈദികനെ സഭാകോടതിമാത്രം വിസ്തരിച്ചു ശിക്ഷിച്ചാല്‍ മതിയെന്ന് ഇദ്ദേഹം നിര്‍ബന്ധം പിടിച്ചു. ഇതോടെ 1164 നവംബറില്‍ നോര്‍മന്‍ഡിയിലേക്ക് ഓടിപ്പോയി. ബെക്കറ്റിനെ 1170 ജൂലായ് വരെ മടങ്ങിവരാന്‍ രാജാവ് അനുവദിച്ചില്ല. മടങ്ങിവന്നതിനുശേഷം അക്കൊല്ലം ഡിസംബറില്‍ നടന്ന ബെക്കറ്റിന്റെ കൊലപാതകം, ബെക്കറ്റ് ആവശ്യപ്പെട്ടതുപോലെ ക്ലാരന്‍ഡെന്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ ഹെന്റി II-നെ നിര്‍ബന്ധിതനാക്കി. 1172-ലെ ഒത്തുതീര്‍പ്പു പ്രകാരം വൈദിക അപ്പീലുകള്‍ പോപ്പിന് അയയ്ക്കുന്നത് വീണ്ടും അനുവദിക്കേണ്ടിവന്നു. 1176-ല്‍ കുറ്റവാളികളായ വൈദികരെ സഭാകോടതികള്‍ മാത്രം വിചാരണചെയ്താല്‍ മതിയാകുമെന്നും തീരുമാനിക്കപ്പെട്ടു. ഇവയൊഴിച്ച് മറ്റു കാര്യങ്ങളിലെല്ലാം ഭരണഘടനയനുസരിച്ചുതന്നെയാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍